തിരുവനന്തപുരം: ടാൽ റോപ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും പിരിച്ചുവിട്ടവരും രാജിവച്ചവരുമായ മുഴുവൻ ജീവനക്കാരുടെയും കുടിശികയുള്ള ശമ്പളം (നെറ്റ് സാലറി) ഒക്ടോബർ 31 നു മുൻപ് നൽകാൻ ധാരണ.
തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീന്റെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പിന് കളമൊരുങ്ങിയത്. ജീവനക്കാരുടെ മറ്റ് ആവശ്യങ്ങൾ നവംബർ ആദ്യവാരത്തിൽ വിളിച്ചുചേർക്കുന്ന ചർച്ചയിൽ പരിഹരിക്കാനും ധാരണയായി. ഒത്തുതീർപ്പ് കരാറിൽ അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ, ടാൽറോപ് കമ്പനി ഡയറക്ടറും സിഇഒയുമായ ജോൺസ് ജോസഫ് പീറ്റർ, തൊഴിലാളി പ്രതിനിധികൾ എന്നിവർ ഒപ്പുവച്ചു.
യാതൊരു മുന്നറിയിപ്പുമില്ലാതെ 300 ഓളം ജീവനക്കാരെയാണ് ഐടി കമ്പനിയായ ടാൽറോപ് നേരത്തേ പിരിച്ചുവിട്ടത്. അതുവരെയുള്ള ശമ്പള കുടിശിക പോലും നൽകാതെയായിരുന്നു പിരിച്ചുവിടൽ. നഷ്ടപരിഹാരത്തിനായി ലേബർ ഓഫീസറെ സമീപിക്കാതിരിക്കാനായി പഴുതുകളടച്ചായിരുന്നു പിരിച്ചുവിടൽ നടപടി. ഇതോടെ തൊഴിലാളികൾ പ്രതിസന്ധിയിലായപ്പോഴാണ് മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടതും നടപടിക്ക് ലേബർ കമ്മീഷണറേറ്റിന് നിർദേശം നൽകിയതും.